പ്രതിപക്ഷ വേട്ട: പരാതി പിൻവലിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെ വേട്ടയാടുകയാണെന്ന പരാതി പരിഗണിക്കുവാൻ സുപ്രീം കോടതി വിസമ്മതിച്ചു. കോടതിയുടെ നിലപാടിനെ തുടർന്നു പരാതി പിൻവലിച്ചു.
മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്‌വിയാണ് 14 പ്രതിപക്ഷ പാർട്ടികളുടെ പേരിൽ പരാതിയുമായി സുപ്രീം കോടതിയിൽ എത്തിയത്. എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ്, ആദായനികുതി വകുപ്പ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ നേതാക്കൾക്കെതിരെ ചുമത്തുന്ന കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധന മോഡി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഉണ്ടായതായി പരാതിയിൽ ബോധിപ്പിച്ചിരുന്നു. രാഷ്ട്രീയ പകപോക്കലിനും പ്രതിപക്ഷത്തെ നിർവീര്യമാക്കുന്നതിനും വേണ്ടി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന നടപടി അവസാനിപ്പിക്കുന്നതിന് കോടതി ഇടപെടണമെന്നായിരുന്നു ആവശ്യം.
എന്നാൽ പരാതി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അതിന്റെ ആശാസ്യതയിലും നിലനില്പിലും സംശയം പ്രകടിപ്പിച്ചു. രാഷ്ട്രീയക്കാരുടെ താൽപ്പര്യങ്ങൾ മാത്രം പരിഗണിക്കുന്ന വാദങ്ങളാണ് പരാതിക്കാരൻ ഉന്നയിക്കുന്നതെന്ന് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയക്കാർക്ക് വേണ്ടി മാത്രമായി പൊതു മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുവാൻ കോടതിക്ക് ആവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസിൻെറ നിലപാടിന്റെ വെളിച്ചത്തിൽ പരാതി പിൻവലിക്കുകയാണെന്ന് അഭിഷേക് സിംഗ്‌വി കോടതിയെ അറിയിച്ചു. സർക്കാരിന്റെ അധികാര ദുർവിനിയോഗത്തെ കുറിച്ചുള്ള വ്യക്തമായ കേസ്സുകളുമായി കോടതിയിൽ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.